2026 സെപ്റ്റംബർ 30-ന് മുമ്പ് വസ്തു നികുതി ഒടുക്കി പിഴപ്പലിശ ഒഴിവാക്കുക.
പെരിഞ്ഞനം സമഗ്ര ആരോഗ്യ പദ്ധതി

ഒരു സമൂഹത്തിൻറെ സമഗ്രവികസനത്തിന്റെ അടിസ്ഥാനം ആ സമൂഹത്തിലെ ജനങ്ങളുടെ പൊതുജനാരോഗ്യം തന്നെയാണ്. ആരോഗ്യമുള്ള ജനങ്ങളാണ് ഒരു നാടിൻറെ വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തിക വളർച്ച, സാമൂഹിക പുരോഗതി എന്നിവയെ മുന്നോട്ടുനയിക്കുന്നത്. രോഗങ്ങൾ ബാധിച്ച ശേഷം അവയ്ക്ക് ചികിത്സ നൽകുന്നതിനേക്കാൾ രോഗങ്ങൾ വരാതെ പ്രതിരോധിക്കുന്നതിൽ ആണ് പൊതുജനാരോഗ്യ ഇടപെടലുകളുടെ പ്രാധാന്യമർഹിക്കുന്നത്. ഇത് കേവലം ഒരു വ്യക്തിയിലോ കുടുംബത്തിലോ മാത്രം ഒതുങ്ങേണ്ട ഒന്നല്ല മറിച്ച് ഒരു സമൂഹത്തിൻറെ മുഴുവൻ ഉത്തരവാദിത്വം തന്നെയാണ് പൊതുജനാരോഗ്യ സംരക്ഷണം എന്നുള്ളത്.

ഇത്തരത്തിൽ നമ്മുടെ ഗ്രാമപഞ്ചായത്തിലെ ഓരോ വ്യക്തികളുടെയും ശാരീരിക-മാനസിക-സാമൂഹിക ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയാണ് ‘പെരിഞ്ഞനാരോഗ്യം’. പെരിഞ്ഞനം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പെരിഞ്ഞനം സമഗ്ര ആരോഗ്യ കേന്ദ്രവും സന്നദ്ധ സംഘടനയായ കൈറ്റ്സ് ഇന്ത്യയും  ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും കൈറ്റ്സ് ഇന്ത്യ തയ്യാറാക്കിയ സമഗ്ര റിപ്പോർട്ടിന്റെയും മാസ്റ്റർ പ്ലാനിന്റെയും പ്രകാശനവും തദ്ദേശസ്വയം വകുപ്പ് മന്ത്രി എം. ബി രാജേഷാണ് നിരവഹിച്ചത്. 

 

ബോധവൽക്കരണം, പ്രതിരോധം, ജാഗ്രത, ശുചിത്വം, മാനസികാരോഗ്യം, മാതൃ-ശിശു സംരക്ഷണം, സന്നദ്ധസേന, പാലിയേറ്റീവ് എന്നിങ്ങനെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള വിവിധ മേഖലകൾ ഉൾപ്പെടുത്തി സമഗ്ര സമീപനത്തിലാണ് മാസ്റ്റർ പ്ലാൻ രൂപകൽപന ചെയ്തിട്ടുള്ളത്. 

 

പഞ്ചായത്ത് ഭരണകൂടം, പഞ്ചായത്ത് മെമ്പർമാർ, ആരോഗ്യ വിദഗ്ധർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, സന്നദ്ധസംഘടനകൾ, പ്രാദേശിക കൂട്ടായ്മകൾ എന്നിവയുടെ കൂട്ടായ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കാനായി ഉദ്ദേശിക്കുന്നത്. ഒരു വ്യക്തിയുടെ ശാരീരിക-മാനസിക-സാമൂഹിക ആരോഗ്യം മെച്ചപ്പെടുത്തുവാൻ ലക്ഷ്യമിടുന്നതാണ് പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.

 

നാല് ഘട്ടങ്ങളായാണ്  പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

  • സർവേ

  • സമഗ്ര റിപ്പോർട്ട് തയ്യാറാക്കൽ

  • പദ്ധതി നിർവഹണം

  • അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ട പദ്ധതികൾ 

  • ഹ്രസ്വകാല പദ്ധതികൾ

  • ദീർഘകാല പദ്ധതികൾ

 

പദ്ധതിയുടെ ആദ്യത്തെ 2 ഘട്ടങ്ങളാണ് നിലവിൽ പൂർത്തിയായിട്ടുള്ളത്. മൂന്നാംഘട്ട പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

 

മെഡിക്കൽ ക്യാമ്പുകൾ 

പദ്ധതി നിർവഹണത്തിന് ആദ്യഘട്ടം എന്ന രീതിയിൽ പെരിഞ്ഞനം പൊതുജനാരോഗ്യ കേന്ദ്രത്തിന് നേതൃത്വത്തിൽ മുഴുവൻ വാർഡുകളിലും മെഡിക്കൽ ക്യാമ്പുകൾ നടന്നു കഴിഞ്ഞു.

മൊബൈൽ ആപ്ലിക്കേഷൻ

ജനങ്ങൾക്ക് അവരുടെ ആരോഗ്യ വിവരങ്ങൾ സ്വന്തമായിത്തന്നെ അപ്ഡേറ്റ് ചെയ്യാവുന്ന തരത്തിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തു കൊണ്ടിരിക്കുകയാണ്.ഇതിലൂടെ പഞ്ചായത്തിന്റെ സർക്കാറിന്റെ വിവിധ ആരോഗ്യ സംരക്ഷണ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും.

രോഗ നിർണ്ണയ ക്യാമ്പുകൾ

കേരളത്തിലെ പ്രധാന മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ സഹകരണത്തോടെ മുഴുവൻ വാർഡുകളിലും വിവിധ രോഗ നിർണ്ണയ ക്യാമ്പുകൾ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും

മാനസികാരോഗ്യം   ‘ഹാപ്പിനെസ്സ് പെരിഞ്ഞനം’ എന്ന പേരിൽ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകമായി മാനസികാരോഗ്യ പദ്ധതിക്ക് തുടക്കം കുറിക്കും. 

ഓപ്പൺ ജിമ്മുകൾ  പഞ്ചായത്തിൽ വിവിധയിടങ്ങളിലായി ഓപ്പൺ ജിമ്മുകൾ പദ്ധതിയുടെ  ഭാഗമായി സ്ഥാപിക്കും.

സന്നദ്ധസേന പഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി ‘പെരിഞ്ഞനാരോഗ്യം’ പദ്ധതിക്കായി ഒരു സന്നദ്ധ സേന രൂപീകരിക്കും.

പാലിയേറ്റിവ്  പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവർത്തനങ്ങളെ കൂടുതൽ മികവുറ്റതാക്കും.

 

CSR 

കോർപ്പറേറ്റ് കമ്പനികളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ടുകൾ ഉപയോഗിച്ചുകൊണ്ടുള്ള വിവിധ പദ്ധതികൾ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നടപ്പിലാക്കും.